Monday, May 7, 2018

കൊച്ചി പാലത്തിന് സമീപം ഭാരതപുഴയിൽ കൂട്ടിയിട്ട മണൽ


കൊച്ചി പാലത്തിന് സമീപം ഭാരതപുഴയിൽ കൂട്ടിയിട്ട മണൽ


സ്ഥിരം തടയണ: മണൽ പുഴയിൽ നിരത്തണമെന്ന കലക്ടറുടെ ഉത്തരവ് നടപ്പായില്ല
മണൽ കൂമ്പാരം പുഴയിൽ നിരത്തി സംരക്ഷിക്കണമെന്ന തൃശൂർ ജില്ലാ കലക്ടറുടെ ഉത്തരവ് നടപ്പായില്ല. ഭാരതപുഴയിൽ ഷൊർണൂർ - കൊച്ചിപ്പാലത്തിന് സമീപം 300 മീറ്റർ പടിഞ്ഞാറ് ഭാഗത്തായാണ്‌ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന മണൽ കൂമ്പാരമുള്ളത്.ഇവിടെ സ്ഥിരം തടയണ നിർമ്മിക്കുന്നതിനുവേണ്ടിയുള്ള തറ നിർമ്മാണത്തിനായി 20 മീറ്ററിലധികം വീഥിയിൽ ചാല് കീറിയപ്പോൾ ലഭിച്ച നൂറുക്കണക്കിനു ലോഡ് മണലാണ്‌ ഇവിടെ കൂട്ടിയിട്ടത്. പുഴയിൽ പാറ കാണുന്നതു വരെ താഴ്ത്തി അതിൽ ദ്വാരമുണ്ടാക്കി കമ്പി ഘടിപ്പിച്ചാണ് തറപ്പണി ആരംഭിച്ചതെന്നതിനാൽ മീറ്ററുകൾ താഴ്ത്തേണ്ടി വന്നു. ഇതിനാൽ പാറവരെയുള്ള ഭാഗത്തെ മണൽ പുറത്തെടുത്തിട്ടുണ്ട്.
സ്ഥിരം തടയണ നിർമ്മാണത്തിനുള്ള സാധന സാമഗ്രികൾ എത്തിക്കുന്നതിനായി ഇവിടേക്ക് മെറ്റലിട്ട റോഡ്‌ കരാറുക്കാരൻ നിർമ്മിച്ചിരുന്നു. പണിയാരംഭിച്ച ആദ്യവർഷം മഴ തുടങ്ങിയതോടെ പണി നിർത്തിവെച്ചു. ഈ അവസരം മുതലാക്കി താല്ക്കാലിക റോഡിലൂടെ വന്ന് ലോഡ് കണക്കിന് മണൽ കയറ്റികൊണ്ടുപോയി. ഇത് വാർത്തയായതോടെ മണൽ കടത്തിന് താല്ക്കാലിക വിരാമമായി. പിന്നീട് വള്ളത്തോൾ നഗർ പഞ്ചായത്തിലെ പുതുശ്ശേരി കടവിലൂടെ പുഴയിലിറങ്ങുന്ന ലോറികൾക്കും ഈ കൂമ്പാരം ചാകരയായി. പ്രശ്നം വീണ്ടും വാർത്തകളായാതോടെ മാഫിയകൾ ഉൾവലിഞ്ഞു.
ഇതിനിടെ സ്ഥിരം തടയണ നിർമ്മാണഭാഗത്തെ സ്വകാര്യ സ്ഥലത്ത് വലിയ കുളങ്ങൾ നിർമ്മിച്ച്‌ ഇതിലേക്കും ലോഡ്കണക്കിന് മണൽ കടത്തി. തഹസിൽദാറുടെ നേതൃത്തത്തിൽ ഈ കടത്ത് പിടിച്ച്, യന്ത്ര സാമഗ്രികളടക്കം കണ്ടുക്കെട്ടിയിരുന്നു. മഴക്കാലമാകുന്നതോടെ മണൽപാസ്‌ നിർത്തലാക്കുമ്പോഴാണ് മാഫിയ മണൽ കൂമ്പാരം ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ടു വർഷവും മഴക്കാലത്ത് ഈ മണൽശേഖരത്തിന് കാര്യമായ ശോഷണമുണ്ടായി.
മണൽകടത്തിനെതിരെ ശക്തമായ നടപടിയെടുത്തിരുന്ന എസ്‌ ഐ ബോബി മാത്യു അവധിയിലായ ഒറ്റ ദിവസത്തിൽ മാത്രം നിരവധി ലോഡ്കളാണ് നിർബാധം പോയത്. ഇതിനിടെ സ്ഥിരം തടയണപ്രദേശത്തെ മണൽ കൊണ്ടുപോയതിനെതിരെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തൃശൂർ വിജിലൻസ് കോടതി അന്വോഷണം ആരംഭിച്ചിട്ടുണ്ട്.പരിസ്ഥിതി പ്രവർത്തകനായ കെ കെ ദേവദാസ് ലാൻഡ്‌ റവന്യു കമ്മിഷണർക്ക് ജില്ലാ കല്ലക്ടറെയും വള്ളത്തോൾ പഞ്ചായത്ത്‌ പ്രസിഡൻറിനെയും പ്രതിയാക്കണമെന്നാവശ്യപ്പെട്ട് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ കോടതി ഇടപെടൽ.

PHOTO : PRASAD K SHORNUR

MADHYAMAM : 03-06-13 : PALAKKAD

No comments:

Post a Comment