ഓർമ്മയുണ്ടോ പഴയ മലബാർ - കൊച്ചി പാലത്തെ
ഇന്ന് കേരളപ്പിറവി ദിനം. ഐക്യ കേരളത്തിനും മുമ്പേ മലബാറിനെ കൊച്ചിയുമായി ബന്ധിപ്പിച്ചിരുന്ന പഴയ കൊച്ചിപ്പാലം ചരിത്ര സ്മാരകമായി ഇവിടെയുണ്ട്. രാജ്യാതിർത്തിയായിരുന്നു ചരിത്രത്തിലെ കൊച്ചിപ്പാലം. നാട് കടത്തൽ ശിക്ഷ വിധിക്കപ്പെട്ടവരുമായി വരുന്ന രാജ്യഭടന്മാർ അകമ്പടി സേവിക്കുന്ന കാളവണ്ടികളും ചുങ്കപ്പിരിവ് ശാലയുമൊക്കെയുള്ള അതിർത്തി. അന്ന് ഭാരതപുഴ തിരു - കൊച്ചിയുടെയും മദിരാശി സംസ്ഥാനത്തിന്റെയും അതിർത്തി കൂടിയായിരുന്നു.
മലബാറും ഭാരതപുഴക്ക് മറുകരെയുള്ള കൊച്ചിയും രണ്ടു രാജ്യങ്ങൾ. രണ്ടു രാജ്യങ്ങളെ ഒന്നിപ്പിച്ചാണ് പാലത്തിലൂടെ മോട്ടോർ വാഹനങ്ങളും പുക തുപ്പുന്ന തീവണ്ടിയുമോടിയത്. ട്രെയിൻ വരുമ്പോൾ മോട്ടോർ വാഹനങ്ങൾക്കുള്ള പാത അടച്ചിടുമായിരുന്നു അന്ന്. ഒരു നൂറ്റാണ്ട് മുമ്പ് കൊച്ചി പാലം പുഴയിൽ ശക്തമായ വെള്ളപ്പൊക്കമുണ്ടായപ്പോൾ തകർന്നു വീണു. പിന്നീട് ബ്രിട്ടീഷ് ഗവണ്‍മെന്റാണ് പാലം നിർമ്മിച്ചത്. പരിപാലിക്കുവാൻ കൊച്ചി രാജ്യവും.
കൊച്ചിരാജ്യത്ത് ട്രെയിൻ വരും മുമ്പ് രാജാവിന്റെ ട്രെയിൻ യാത്രകൾ ഷൊർണ്ണൂരിൽ വന്നായിരുന്നു. ദേശീയ പ്രസ്ഥാന കാലത്ത് പല പദയാത്രകളും തുടങ്ങിയത് മദിരാശി സംസ്ഥാനത്തിന്റെ അതിർത്തിയായ കൊച്ചിപ്പാലത്തിന് സമീപമായിരുന്നു. കൊച്ചി രാജ്യത്ത് ട്രെയിൻ എത്തുന്നത് 1902 ലാണ്. കേരളപ്പിറവിക്ക് മുമ്പ് സ്വാമി വിവേകാനന്ദന്റെ കേരള പര്യടനം തുടങ്ങിയതും ഷൊർണൂർ അതിർത്തിയിൽ നിന്നായിരുന്നു. കാളവണ്ടിയിലായിരുന്നു മലബാറിൽ നിന്ന് കൊച്ചിപ്പാലം കടന്നുള്ള സ്വാമി വിവേകാനന്ദന്റെ യാത്ര. കൊച്ചിപ്പാലം ബലക്ഷയത്തിലായതോടെ 2003 ലാണ് പുതിയ പാലം നിർമ്മിക്കുന്നത്.
PHOTO : PRASAD K SHORNUR
MANORAMA : 01:11-2013 : PALAKKAD
No comments:
Post a Comment